മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം; പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചു: എൻകെ പ്രേമചന്ദ്രൻ

single-img
5 June 2024

കൊല്ലം മണ്ഡലത്തിൽ അപകീർത്തികരമായ ആരോപണം തനിക്കെതിരെ ഇത്തവണയും നടന്നുവെന്ന് ആര്‍എസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. താൻ രാഷ്ട്രീയ വിജയമെന്നും താൻ ബിജെപിയിൽ പോകുമെന്ന് സിപിഐഎം വ്യാജപ്രചാരണം നടത്തി. എന്നാൽ അതെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചുവെന്ന് എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. മുസ്ലീം മേഖലകൾ കേന്ദ്രീകരിച്ചാണ് കൊല്ലത്ത് മുഖ്യമന്ത്രി പ്രചരണം നടത്തിയത്. ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു.

കൊല്ലത്ത് ഉൾപ്പടെ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി. കുറെ കൂടി നേരത്തെ ഇന്ത്യ മുന്നണി രൂപികരിച്ചിരുന്നെങ്കിൽ ഇതിലും മികച്ച ഫലം ഉണ്ടായേനെയെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സിപിഎമ്മും മുഖ്യമന്ത്രിയും പശ്ചാത്തല സൗകര്യം ഒരുക്കി. തൃശൂർ പൂരം കലക്കാൻ പൊലീസ് ശ്രമം നടത്തിയപ്പോൾ അവിടേക്ക് ആദ്യം ഓടിയെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇത് സംശയാസ്‌പദമാണെന്നും അദ്ദേഹം ആരോപിച്ചു.