നന്നാവില്ലെന്ന് അറിയാം; എങ്കിലും പറയുന്നുവെന്നേയുള്ളൂ; മലയാള മനോരമക്കെതിരെ മുഖ്യമന്ത്രി

single-img
24 February 2024

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജവാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മനോരമക്കെതിരായ വിമർശനം കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

മുഖാമുഖം പരിപാടിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ഒരു മാധ്യമം വാര്‍ത്തയെഴുതിയെന്ന വിമര്‍ശനവും മുഖ്യമന്ത്രി പറഞ്ഞു. ‘ഒരു മാധ്യമം മുഖാമുഖം പരിപാടിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് എഴുതി. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഓഫീസുകള്‍ വല്ലാതെ വിഷമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണെന്നും എഴുതി. മുഖാമുഖം പരിപാടിക്ക് എങ്ങനെ ആളെക്കൂട്ടും എന്നതാണ് വിഷമത്തിന് കാരണം. ആളുകള്‍ ഇല്ലാതെ ബുദ്ധിമുട്ടിപോകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവുക. എന്നാല്‍ ഇന്നലെ കണ്ടില്ലേ. നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല ജനങ്ങള്‍ കാര്യങ്ങള്‍ എടുക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ എന്നും’ മുഖ്യമന്ത്രി ചോദിച്ചു. മനോരമയുടെ പേരെടുത്തു പറയാതെയായിരുന്നു പരാമർശം .

‘ഒരു ഹാളില്‍ ഉള്‍പ്പെടുന്ന ആളുകളെയല്ലേ ഉള്‍പ്പെടുത്താനാകൂ. നവകേരള സദസില്‍ വന്നത് എത്ര ആളുകളാണെന്ന് കണ്ടതാണല്ലോ. എല്‍ഡിഎഫ് അല്ലേ ഭരിക്കുന്നത്. ആളെ കൂട്ടാന്‍ അത്ര പ്രയാസമുണ്ടാവില്ലല്ലോ. റിപ്പോര്‍ട്ടര്‍ വെറുതെ എഴുതുന്നതല്ല, എഴുതിപ്പിക്കുന്നതാണ്’ എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പരിപാടികളില്‍ വന്ന ആളുകളെ കണ്ടതാണല്ലോ. ഒരു തരം പ്രത്യേക മന:സ്ഥിതിയോടെയാണ് എഴുതുന്നത്. എന്നിട്ട് ഇന്നലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ. ജനങ്ങള്‍ക്ക് എല്ലാം തിരിച്ചറിയാന്‍ കഴിയും. നന്നാവില്ലെന്ന് അറിയാം, എങ്കിലും പറയുന്നുവെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.