പണം വാങ്ങി വ്യാജ റിവ്യൂ ഇടുന്ന യൂട്യൂബർമാരെ പൂട്ടാൻ കേന്ദ്ര സർക്കാർ; പുതിയ നിയമം വരുന്നു

single-img
8 September 2022

സമൂഹ മാധ്യമങ്ങൾ വഴി പണം വാങ്ങി വ്യാജ റിവ്യൂ ഇടുന്ന യൂട്യൂബർമാരെ പൂട്ടാൻ കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം കൊണ്ട് വരുന്നു. Paid Promotions ആണ് എങ്കിൽ നിർബന്ധമായും അത് വീഡിയോയിൽ എഴുതി കാണിക്കണം എന്നത് ഉൾപ്പടെ ഒരുകൂട്ടം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നത്. സെലിബ്രിറ്റികൾ ഉൾപ്പടെ എല്ലാവർക്കും ഇത് ബാധകമാണ്.

ഉത്പന്നങ്ങളെ കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലുള്ള paid promotions നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറപ്പെടുവിച്ചേക്കും. അതിൽ ഇൻഫ്ലുവൻസർമാർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാകും ഉണ്ടാവുക.

ഇൻഫ്ലുവൻസർമാർ നിർദേശങ്ങൾ പാലിച്ചില്ല എങ്കിൽ വലിയ പിഴയും നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് 10 ലക്ഷം രൂപയും ആവർത്തിച്ചാൽ, 20 ലക്ഷവും തുടർച്ചയായി തെറ്റ് വരുത്തിയാൽ 50 ലക്ഷം വരെയുമാകും പിഴയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ കമ്പനികളിൽ നിന്ന് സൗജന്യമായി സാധനങ്ങൾ സ്വീകരിക്കുന്ന യൂട്യൂബർമാരും മറ്റും അതിന്റെ നികുതി അടയ്‌ക്കണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഈ വർഷം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ നിയമം അനുസരിച്ച്, ഇൻഫ്ലുവൻസർമാർ കാർ, മൊബൈൽ, വസ്ത്രം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ അതാത് കമ്പനികളിൽ നിന്ന് സ്വീകരിച്ചാൽ, 10 ശതമാനം TDS നൽകേണ്ടിവരും. എന്നാൽ, ഉപയോഗിച്ചതിന് ശേഷം കമ്പനിക്ക് തിരികെ നൽകേണ്ടി വരുന്ന ഉത്പന്നങ്ങൾ സെക്ഷൻ 194R-ന്റെ കീഴിൽ വരില്ല.