സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ;ഷാരൂഖ് ഖാന്‍റെ മകനെതിരായ ലഹരിമരുന്ന് കേസില്‍; ഷാരൂഖ് ഖാന്‍റെ മകനെതിരായ ലഹരിമരുന്ന് കേസില്‍ സമീര്‍ വാങ്കഡേയ്ക്കെതിരെ അഴിമതി കേസുമായി സിബിഐ


ഷാരൂഖ് ഖാന്‍റെ മകനെതിരായ ലഹരിമരുന്ന് കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്കെതിരെ അഴിമതി കേസുമായി സിബിഐ.
ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാനായി സമീര്‍ വാങ്കഡേ അടക്കമുള്ള ഉദ്യോഗസ്ഥര്‍ 25 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സിബിഐ കേസ്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ദില്ല, മുംബൈ, റാഞ്ചി, ലക്നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡും നടക്കുകയാണ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുരിച്ചാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.2021 ഒക്ടോബറിലായിരുന്നു മുംബൈയിലെ ആഡംബര കപ്പലായ കോര്‍ഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായതും. കേസിന്‍റെ ആരംഭത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയിരുന്നത്. ഈ കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന് എന്‍സിബി 2022 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു. കേസിന്‍റെ വിവിധ ഘട്ടങ്ങളില്‍ സമീര്‍ വാങ്കഡേയ്ക്കും എന്‍സിബി സംഘത്തിനുമെതിരായ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രത്യേക വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ആരോപണങ്ങളില്‍ കുടുങ്ങിയതിന് പിന്നാലെ സമീര്‍ വാങ്കഡേയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്സ് പെയര്‍ സര്‍വീസസിലേക്കാണ് സമീറിനെ മാറ്റിയത്. അഴിമതി തടയല്‍ നിയമത്തിലെ 7, 7 എ, 12വകുപ്പുകളും ഗൂഡാലോചന,ഭീഷണിപ്പെടുത്തല്‍ വകുപ്പുകളും അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.ആര്യന്‍ ഖാനെതിരായ ലഹരിമരുന്ന് കേസിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സമീര്‍ വാങ്കഡേയ്ക്കെതിരെ ഉയര്‍ന്നത്. ദളിത് വിഭാഗക്കാരനാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സമീര്‍ സര്‍വ്വീസില്‍ കയറിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് സമീറും സംഘവും നേരിടേണ്ടി വന്നത്. പ്രൈവറ്റ് ഡിറ്റക്ടീവ് കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകര്‍ സെയിലും ഷാരൂഖിന്‍റെ മാനേജര്‍ പൂജാ ദാദ്ലാനിയും അടക്കം നിരവധി സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചു. റെയ്ഡ് നേരിട്ട് കണ്ടില്ലെന്നും നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പിടീച്ചെന്നും ആരോപണം ഉയര്‍ന്നതോടെ വാങ്കഡേ അടക്കമുള്ളവര്‍ പ്രതിരോധത്തിലായിരുന്നു. ആരെയും കൂസാത്ത ഉദ്യോഗസ്ഥനെന്ന താരപരിവേഷമുണ്ടായിരുന്ന സമീറിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍
വന്നതോടെ വീരനായകനെന്ന നിലയില്‍ നിന്ന് വില്ലന്‍ പരിവേഷത്തിലേക്ക് സമീര്‍ വീണിരുന്നു.
പിന്നാലെ നവിമുംബൈയിലെ വാഷിയില്‍ സമീറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ബാറിന്‍റെ വിവരങ്ങളും പുറത്ത് വന്നിരുന്നു. 1997ലാണ് സമീറിന് ബാര്‍ ലൈസന്‍സ് കിട്ടുന്നത്. അന്ന് 17 വസ് മാത്രമാണ് വാങ്കഡേയ്ക്ക് ഉള്ളത്. നിയമപ്രകാരം 21 വയസ് തികഞ്ഞാല്‍ മാത്രമാണ് ബാര്‍ ലൈസന്‍സ് നല്‍കാവൂ എന്നിരിക്കെയാണ് ഇത്. എക്സൈസ് വകുപ്പില്‍ അന്ന് ജോലിചെയ്തിരുന്ന അച്ഛന്‍ ധ്യാന്‍ദേവ് വാങ്കഡേ വഴിവിട്ട് സഹായിച്ചനേടിയതെന്നായിരുന്നു കണ്ടെത്തല്‍. അന്വേഷങ്ങള്‍ക്കൊടുവില്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. കറകളഞ്ഞ ഉദ്യോഗസ്ഥനെന്ന ഇമേജിനേറ്റ വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ സുശാന്ത് രാജ്പുതിന്‍റെ ആത്മഹത്യ കേസിലും സമീറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. റിയാ ചക്രബര്‍ത്തിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം. നേരത്തെ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കിയിരുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. എന്‍സിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യന്‍ ഖാനെതിരായ കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എന്‍സിബി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്പെന്‍ഷനില്‍ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതല്‍ അന്വേഷണം നടന്നിരുന്നു.ഇതിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കിയത്.ലഹരിമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.ലഹരി മരുന്ന് പിടികൂടുമ്ബോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട് വിശദമാക്കിയിരുന്നു. പ്രതികളോട് ഉദ്യോഗസ്ഥര്‍ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും എന്‍സിബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.