വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

single-img
24 December 2022

വ്യാജ വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിൽ നടനും അവതാരകനും എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയുമായ അടൂർ കടമ്പനാട് നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടി (42)യ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് നടിയും മോഡലുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിൽ പറയുന്നത് . കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്.

യൂട്യൂബ് ചാനലിൽ ഒരു ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. പരിചയത്തെ തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ആരോപിക്കുന്നു.