പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദകേന്ദ്രം അടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

single-img
4 May 2023

പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദകേന്ദ്രം അടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

മന്ത്രവാദ കേന്ദ്രത്തില്‍ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. മൂന്നു പേരെ തടവിലാക്കിയായതിന് ശോഭനയെയും കൂട്ടാളി ഉണ്ണികൃഷ്ണനെയും പ്രതി ചേര്‍ത്ത് പോലീസ് കേസ് എടുത്തിരുന്നു. നിലവില്‍ ശോഭനയും ഉണ്ണികൃഷ്ണനും ഒളിവിലാണ്.
ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസില്‍ കഴിഞ്ഞ ഓക്ടോബറില്‍ ജയിലി‌ലായിരുന്നു. ഇവരുടെ മന്ത്രവാദ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്. സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ടിരുന്നത്.

മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്ബത്തിക ഇടപാടിനെചൊല്ലിയുള്ള തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്. ഇരുവരും ജയിലിലായ കാലയളവിലാണ് പത്തനാപുരം സ്വദേശി അനീഷ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായത്. ജയിലില്‍ വച്ച്‌ അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു.

അനീഷിനെ കേസില്‍ നിന്ന് രക്ഷിക്കാനുള്ള പണം നല്‍കാമെന്ന് പറഞ്ഞ് ജനുവരി മാസത്തില്‍ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച്‌ താമസിപ്പിച്ചു. അനീഷിന്റെ കേസ് ആവശ്യങ്ങള്‍ക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നല്‍കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നല്‍കാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തത്.

മന്ത്രവാദ കേന്ദ്രത്തില്‍ നിന്ന് കരച്ചിലും ബഹളവും ഉയര്‍ന്നതോടൊണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ മന്ത്രവാദ കേന്ദ്രം അടിച്ചു തകര്‍ക്കുകയും തടവിലാക്കപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തത്. സിപിഎം പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മന്ത്രവാദിനി ശോഭനയും ഉണ്ണികൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജനുവരി മുതല്‍ ഇങ്ങോട്ട് ശോഭന നടത്തിയിരുന്ന പൂജകള്‍ക്ക് ശുഭയേയും ഉപയോഗിച്ചിരുന്നു. അനീഷ് പ്രതിയായ തട്ടിപ്പ് കേസില്‍ പ്രതിയാണ് ശുഭയും.