ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം;വികാര നിർഭരമായ നിമിഷങ്ങൾ

single-img
19 July 2023

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രം​ഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ജ​ഗതിയിലെ വീട്ടിൽ നിന്നും വാഹനം കോട്ടയത്തേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനു​ഗമിക്കുന്നുണ്ട്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജ​ഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് ഇവിടെയും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ നടക്കും.

കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്കൂളുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും കളക്ടർ വിവരിച്ചു.