പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

single-img
12 November 2022

കേരളാ പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ തന്നെ പൊലീസ് സേനയ്ക്ക് പല നിലകളിൽ മാതൃകയാകാൻ ഇക്കാലയളവിൽ കേരളാ പൊലീസിനു കഴിഞ്ഞിട്ടുണ്ട്.

പ്രധാനമായും രാജ്യത്തെ സംസ്ഥാനങ്ങളിൽ ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊല്ലം റൂറൽ എസ് പി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം, കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള നാടിന്റെ ദുരിതകാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമായി അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ സുഹൃത്തും സഹായിയുമായി മാറാൻ പൊലീസിനു കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല, കേരളാ പൊലീസിന്റെ യശസ്സ് ഉയർത്തിയ നിരവധി സംഭവങ്ങൾ ഈ അടുത്തിടെ ഉണ്ടായിട്ടുണ്ട്.

ഇതുപോലെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളാ പോലീസിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതേസമയം തന്നെ പൊലീസ് സേനയ്ക്കാകെ കളങ്കം വരുത്തിയിട്ടുള്ള ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ചിലർ ചെയ്യുന്ന പ്രവൃത്തികൾ കാരണം ഒരു സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാകണം. പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.