ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തര്‍ അപകടത്തില്‍ പെട്ടു

single-img
28 March 2023

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്.

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. ബസില്‍ അറുപതോളം ആളുകളുണ്ട്. തമിഴ്നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ഇലവുങ്കല്‍ – എരുമേലി റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 62 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. കുട്ടികളടക്കം തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്.പരിക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.