ജന്തര്‍മന്തറില്‍ ഇരുന്നാല്‍ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്ന് ബ്രിജ് ഭൂഷണ്‍


ജന്തര്‍മന്തറില്‍ ഇരുന്നാല്‍ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്ന് ബ്രിജ് ഭൂഷണ്‍.
താരങ്ങള്‍ ഇതുവരെ അത് ചെയ്തിട്ടില്ല. കോടതി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 90ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയര്‍ന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികള്‍ക്കെതിരെയെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, പൊലീസിനെതിരെ വിമര്‍ശനവുമായി ദില്ലിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സമരവേദിയില്‍ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രംഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമെന്നും വിമര്‍ശനം. ദില്ലിയെ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷണ്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്.
അതിനിടെ, ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാന്‍ തയ്യാറല്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയര്‍ത്തി. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്ബ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. രാജിവെക്കാന്‍ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങള്‍ക്ക് അതാണ് വേണ്ടതെങ്കില്‍ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു.