ബിജെപി മുന്നോട്ടുവെക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് മണിപ്പൂരിൽ കലാപമായി മാറിയിട്ടുള്ളത്: ഇപി ജയരാജൻ

single-img
22 June 2023

മണിപ്പൂരില്‍ ഇപ്പോഴും തുടരുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന ബി.ജെ.പിയുടെ നയ സമീപനങ്ങളാണ് മണിപ്പൂരിലും കലാപം സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ 50 ദിവസത്തിലേറെയായി കലാപം തുടരുമ്പോഴും സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അവർ മുന്നോട്ടുവെക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് കുക്കികളും മെയ്തികളും തമ്മിലുള്ള കലാപമായി മാറിയിട്ടുള്ളത്. ഇതിനോടകം 60,000ത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറി. 5,000ത്തിലേറെ വീടുകളാണ് കലാപത്തില്‍ കത്തിച്ചത്. 200 ഗ്രാമങ്ങള്‍ തീയിട്ട് നശിപ്പിച്ചു. 300ലേറെ ക്രിസ്ത്യന്‍ പള്ളികളും അക്രമണത്തിനിരയായി.

സംസ്ഥാനത്തെ ഭരണ സംവിധാനം തന്നെ ദുര്‍ബലപ്പെടുന്ന നിലയുണ്ടായി. പോലീസിന്റെ 4,000ത്തോളം തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. എല്ലാ വിഭാഗത്തിലേയും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പിയുടെ സമീപനമാണ് കലാപത്തെ ആളിക്കത്തിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പട്ട് ജൂണ്‍ 27-ന് ജില്ലാ കേന്ദ്രങ്ങളിലും, ജൂലൈ 5-ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.