യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്ബന്‍ വിജയവുമായി ബിജെപി

single-img
14 May 2023

ലക്നൌ: യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്ബന്‍ വിജയവുമായി ബിജെപി. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ കൌണ്‍സില്‍, ടൌണ്‍ പഞ്ചായത്തുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിലാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയത്.

രണ്ടാം സ്ഥാനം സമാജ്വാദി പാര്‍ട്ടി നേടിയപ്പോള്‍ മൂന്നാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ നേടാനായത്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 17 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റും ബിജെപി സ്വന്തമാക്കി. മുന്‍സിപ്പല്‍ കൌണ്‍സിലെ 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 94 സീറ്റ് ബിജെപിയും സമാജ്വാദി പാര്‍ട്ടി 39 സീറ്റും ബിഎസ്പി 16 സീറ്റും നേടി. കക്ഷികളിലൊന്നും ഉള്‍പ്പെടാത്ത സ്വതന്ത്രര്‍ 46 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് വെറും നാല് സീറ്റുകളാണെന്നതാണ് ശ്രദ്ധേയം. ടൌണ്‍ പഞ്ചായത്തുകളിലെ 544 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 196 സീറ്റ് ബിജെപിയും 205 സീറ്റ് സ്വതന്ത്രരും നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് 91 സീറ്റും ബിഎസ്പിക്ക് 38 സീറ്റും കോണ്‍ഗ്രസിന് വെറും 14 സീറ്റുമാണ് നേടാനായത്.

ലക്നൌവ്വിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി ജയിച്ചത് 41000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. മഥുര, ബറേലി, മൊറാദാബാദ് മേയര്‍ സീറ്റുകള്‍ ബിജെപി തൂത്തുവാരി. കര്‍ണാടകയിലെ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് ഇടയിലും ഉത്തര്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.