പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര തവണ വന്നാലും ബിജെപി കേരളത്തിൽ വിജയിക്കില്ല : ബിനോയ്‌ വിശ്വം

single-img
27 February 2024

പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര തവണ വന്നാലും ബിജെപി കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. കേരളത്തിൽ മോദിയുടെ ഗ്യാരണ്ടിക്ക് ഒരു വിലയും ഇല്ലെന്നും ഹിറ്റ്ലർ പണ്ട് ചെയ്‌ത തന്ത്രമാണ് ഇപ്പോൾ മോദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .

പ്രധാനമന്ത്രി കേരളത്തിലെ റയിൽവേ സോൺ, കോച്ച് ഫാക്ടറി കാര്യങ്ങളിൽ നിലപാട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേപോലെ തന്നെ മുസ്ലിം ലീഗിന് യുഡിഎഫിൽ ഏറെക്കാലം തുടരാൻ ആകില്ല. ലീഗ് യുഡിഎഫിൽ നിന്ന് നിന്നും പുറത്തു വരും. എൽഡിഎഫ് ഇപ്പോൾ ഒന്നും ചെയ്യണ്ടെന്നും ഇപ്പോൾ സ്വാഗതം ചെയ്യുന്നത് പക്വത ഇല്ലായ്മയാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പെൻഷൻ വിതരണം മുടങ്ങിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ല. പെൻഷൻ പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ ആക്രമണമാണ്.എൽഡിഎഫിന്റെ മുഖമായതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടക്കുന്നത്.

സിപിഐഎമ്മുമായി നല്ല ഐക്യമുണ്ടെന്നും സിപിഐഎമ്മിനെ തോൽപിച്ച് സിപിഐക്ക് ജയിക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ എൽഡിഎഫ് ജയിക്കും.വി എസ് സുനിൽ കുമാർ ജനകീയനാണ്. പന്യൻ രവീന്ദ്രൻ സ്ഥാനാർഥി ആയത് പാർട്ടി സമ്മർദം കൊണ്ടാണെന്നും തിരുവനന്തപുരം ജയിക്കാൻ പന്യൻ വേണമെന്ന് ജനം പാർട്ടി യോട് പറഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.