ബിജെപി നിർദേശം തള്ളി; വരുൺ ഗാന്ധി റായ്ബറേലിയിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കില്ല

single-img
26 April 2024

പരമ്പരാഗതമായി ഗാന്ധി കുടുംബത്തിന്റെ തട്ടകമായ യുപിയിലെ റായ്ബറേലി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. റായ്ബറേലിയിൽ പ്രിയങ്കക്കെതിരെ മത്സരിക്കണമെന്ന ബിജെപിയുടെ നിർദേശം വരുൺ ഗാന്ധി തള്ളി , ബിജെപി നേതൃത്വം റായ്ബറേലിയിൽ മത്സരിക്കാനുള്ള നിർദേശവുമായി മുന്നോട്ട് വന്നപ്പോൾ ഒരാഴ്ചത്തെ സമയമാണ് വരുൺ ചോദിച്ചത്. തുടർന്ന് അദ്ദേഹം മത്സരിത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ എത്തുമെന്ന് അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെയാണ് വരുൺ ഗാന്ധിക്ക് പിതാവിന്റെ സഹോദരപുത്രിക്കെതിരെ മത്സരിക്കുന്നതിന് സീറ്റ് നൽകിയത്. പക്ഷെ , വരുൺ ഈ വാഗ്ദാനം നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ അവിടുത്തെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് പകരം ഇവിടെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുയർന്നത്. യുപിയിലെ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റാണ് റായ്ബറേലി. 2004 മുതൽ സോണിയ ഗാന്ധിയാണ് ഇവിടുത്തെ എംപി.

അതേസമയം പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുൺ ഗാന്ധിക്ക് ഇത്തവണ അവിടെ സീറ്റ് നിഷേധിച്ചിരുന്നു. പകരം പിലിഭിത്തിൽ ഇത്തവണ കോൺഗ്രസ് വിട്ടെത്തിയ ജിതിൻ പ്രസാദയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്.