സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് തുടരാന്‍ ബിജപി നീക്കം

single-img
20 April 2023

ദില്ലി : സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള എതിര്‍പ്പ് തുടരാന്‍ ബിജപി നീക്കം. ഒരു സുപ്രീം കോടതി വിധിയില്‍ തീരേണ്ട കാര്യമല്ലെന്നാണ് ബിജെപി വിലയിരുത്തല്‍.

എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കും. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മതസംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.പാര്‍ട്ടി നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ആണ് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കാന്‍ അവസരം നല്‍കണം. നിയമ നിര്‍മ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

“വിവാഹം” കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സര്‍ക്കാര്‍ പുതിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. അതേമയം ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.