ക്രിമിനലിനെ പിന്തുടരുന്നതിനിടെ വെടിവെപ്പ്; ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു; കൊലപാതകക്കേസിൽ യുപി പോലീസ്

single-img
13 October 2022

കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് തിരയുന്ന ക്രിമിനലിനെ പിന്തുടരുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കൊലപാതകക്കുറ്റം നേരിടുന്നു.
യുപിയിലെ മൊറാദാബാദിൽ നിന്നുള്ള അഞ്ച് പോലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.

പ്രാദേശിക ബിജെപി നേതാവ് ഗുർതാജ് ഭുള്ളറുടെ ഭാര്യ ഗുർപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. ഖനന മാഫിയയിൽ ഉൾപ്പെട്ടതായി കരുതുന്ന സഫർ എന്ന ക്രിമിനലിനെ പിടികൂടാൻ യുപി പോലീസ് സംഘം ബുധനാഴ്ച ഉത്തരാഖണ്ഡിലെ ജസ്പൂരിലെ ഒരു ഗ്രാമത്തിലേക്ക് പോയിരുന്നു. ഭുള്ളറുടെ വീട്ടിലാണ് സഫർ ഒളിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

പോലീസുകാർ ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമവാസികൾ അവരെ വളയുകയും സംഘർഷം ഉണ്ടാകുകയും ഇരുവിഭാഗവും വെടിയുതിർക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ ഗുർപ്രീത് കൗർ വെടിയേറ്റ് മരിച്ചു. പോലീസിന്റെ വെടിവെപ്പിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് ഉത്തരാഖണ്ഡ് പോലീസ് ആരോപിക്കുന്നത്.

ഏറ്റുമുട്ടലിൽ രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റു. ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ മരണത്തെത്തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ നാല് പോലീസുകാരെ ബന്ദികളാക്കി അവരുടെ ആയുധങ്ങൾ അപഹരിച്ചു. രണ്ട് പോലീസുകാരെ കാണാതായിട്ടുണ്ട്.

പ്രതിയെ പിടിച്ചുകൊടുക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്. പരിക്കേറ്റ അഞ്ച് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കാണാതായ രണ്ട് പോലീസുകാർക്കായി തിരച്ചിൽ തുടരുകയാണ്.