സ്വാതന്ത്രത്തിന് മുൻപ് രാജ ഭരണം നിലനിന്ന അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

single-img
28 December 2023

സ്വാതന്ത്രത്തിന് മുൻപ് രാജ ഭരണം നിലനിന്ന അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗ്‌പൂരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് ഈ റാലി. സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാൻ ബി ജെ പി ശ്രമിക്കുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തെ സർവകലാശാലകളിലെ വൈസ് ചൻസിലർമാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്നും യോഗ്യത ബിജെപി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാൻ മാധ്യമങ്ങൾക്കാവുന്നില്ലെന്നും ബിജെപി മാധ്യമങ്ങളെയും വരുതിക്ക് നിർത്തിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എന്താണ് കോൺഗ്രസ് ചെയ്തതെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നൽകുകയാണ് കോൺഗ്രസ് ചെയ്തത്.

ആ സമയം അതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബിജെപിയും ആര്‍എസ്എസും സ്വീകരിച്ചത്. ഇപ്പോൾ എല്ലാ ഉത്തരവുകളും മുകളിൽ നിന്ന് വരുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രി ആരെയും കേൾക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.