തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നില്‍

single-img
8 December 2022

അഹമ്മദാബാദ്: തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നല്‍കിയത്.

ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിച്ചത്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ബിജെപി നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോ‍ര്‍ബി ദുരന്തം. മച്ചു നദിക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം നദിയുടെ ആഴങ്ങളിലേക്ക് വീണപ്പോള്‍ മടക്കമില്ലാത്ത യാത്രപോയത് നിരവധി പേര്‍. കൂടുതലും സ്ത്രീകളും കുട്ടികളും. ലോകം ഒന്നാകെ വിറങ്ങലിച്ച ദുരന്തമായിരുന്നു ഇത്. 135 പേരുടെ മരണത്തിനിടയാക്കിയ സംഭവം, പക്ഷെ പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമേ ആയിരുന്നില്ല.

ഏകസിവില്‍ കോഡ് അടക്കം പ്രഖ്യാപനങ്ങളോടെ തെരഞ്ഞെടുപ്പിന് തയ്യാറായി നില്‍ക്കവേയാണ് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കി മോര്‍ബിയില്‍ ദുരന്തമുണ്ടാവുന്നത്. ക്ലോക്ക് നിര്‍മ്മിച്ച്‌ പരിചയമുള്ള കമ്ബനിക്ക് ടെണ്ടറില്ലാതെ പാലം അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കി. പാലത്തിന്‍റെ പ്രായവും കരുത്തും നോക്കാതെ ആളുകളെ കയറ്റിനിറച്ചു. ഹൈക്കോടതിയടക്കം സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും കുടഞ്ഞത് ഈ പ്രചാരണ കാലത്താണ്. പക്ഷെ മോ‍ര്‍ബിയിലെ സ്ഥാനാര്‍ത്ഥികളെ ദുരന്തത്തെക്കുറിച്ച്‌ സംസാരിക്കുന്നില്ല. മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസിനെ ജയിപ്പിച്ചാലും ബിജെപിയാവുമെന്ന് പരിഹസിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് മോര്‍ബി. 2017ല്‍ കോണ്‍ഗ്രസാണ് മോ‍ര്‍ബിയില്‍ ജയിച്ചത്. എന്നാല്‍ ജയിച്ച്‌ വന്നയാള്‍ ബിജെപിയിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മന്ത്രിയായി.