ബിജെപിയും ആര്‍എസ്‌എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുന്നു; മല്ലിക സാരാഭായ്

single-img
19 March 2023

ബിജെപിയും ആര്‍എസ്‌എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണെന്ന് മല്ലിക സാരാഭായ്.

ഗുജറാത്തില്‍ മുസ്ലീങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി പറയുമ്ബോള്‍ ഈ രാജ്യത്ത് ജീവിക്കാന്‍ വേറെ വഴിയില്ലെങ്കില്‍ പിന്നെന്തുചെയ്യും എന്നാണ് മല്ലിക സാരാഭായ് ചോദിക്കുന്നത്. “എനിക്കറിയാവുന്ന വിദ്യാഭ്യാസമുള്ള, സാമ്ബത്തികശേഷിയുള്ള മുസ്ലീങ്ങളൊക്കെയും രാജ്യം വി‍ടുകയാണ്. കാരണം, ഒന്നില്ലെങ്കില്‍ നിങ്ങള്‍ അടിമയായി ജിവിക്കൂ അല്ലെങ്കില്‍ രാജ്യം വിടൂ എന്നാണ് അവര്‍ വ്യക്തമായി പറയുന്നത്”, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ഡയലോഗ്സി’ല്‍ സംസാരിക്കുകയായിരുന്നു അവര്‍.

മല്ലികയുടെ അച്ഛന്‍ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്‍ഞനായിരുന്ന വിക്രം സാരാഭായിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മോദി വീട്ടില്‍ വന്നതിനെക്കുറിച്ചും അവര്‍ പറഞ്ഞു. “എന്റെ പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എനിക്കറിയാം, എന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനും”, അവര്‍ പറഞ്ഞു. അതേസമയം തന്റെ പ്രശ്നം മോദിയോടല്ലെന്നും മതേതരമല്ലാത്തതും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു വിശ്വാസ സംവിധാനമാണ് പ്രശ്നമെന്നും മല്ലിക പറഞ്ഞു.


“നമുക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറയ്ക്കുന്ന എല്ലാത്തരം ആദര്‍ശങ്ങളെയും ഞാന്‍ എതിര്‍ക്കും. ബിജെപിയും ആര്‍എസ്‌എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണ്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയും എന്റെ പ്രതികരണം ഇങ്ങനെതന്നെയായിരിക്കും. ഇന്ത്യ ഇസ്ലാം രാഷ്ട്രമോ ക്രിസ്ത്യന്‍ രാഷ്ട്രമോ ആകുകയാണെങ്കിലും എന്റെ എതിര്‍പ്പ് ഇങ്ങനെതന്നെയായിരിക്കും”, മല്ലിക പറഞ്ഞു. ‌കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറാണ് മല്ലിക സാരാഭായ്.