പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ബിൽക്കിസ് ബാനുവിന്റെ ഹരജി ഇന്ന് പരി​ഗണിക്കും

single-img
27 March 2023

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും.

സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്. മാത്രമല്ല അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബിജെപി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. തൃണമൂൽ എം.പി മൊഹുവ മൊയ്ത്ര, സിപിഎം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്.