ഇസ്രയേലില്‍ പോയി മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി

single-img
27 February 2023

കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ശേഷം മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി.

രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച്‌ വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറയുന്നു.

പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കള്‍ക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു

കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്‍റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച്‌ താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാള്‍ തിരികെപോരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.