ബിജെപിക്ക് പിന്തുണയില്ലെന്ന് ബിജു ജനതാദൾ; രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണതേടി ഇന്ത്യ സഖ്യം


പാർലമെന്റിൽ ഇനിമുതൽ ബിജെപിക്ക് പിന്തുണ നൽകില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. തങ്ങൾ രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇൻഡ്യ സഖ്യത്തിന് ലഭിക്കാൻ കോണ്‍ഗ്രസ് നീക്കങ്ങൾ തുടങ്ങി .
ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും താൽപര്യങ്ങള്‍ക്കായി പ്രവർത്തിക്കണമെന്നാണ് എംപിമാർക്ക് ബിജെഡി പ്രസിഡന്റ് നവീൻ പട്‍നായിക് നിർദേശം നൽകിയിരിക്കുന്നത്. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്‍നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം ലോക്സഭയിൽ ഇത്തവണ ബിജെഡിക്ക് പ്രാതിനിധ്യമില്ല. സംസ്ഥാനത്തിൽ വലിയ പരാജയമാണ് നവീൻ പട്‍നായിക് ഏറ്റുവാങ്ങിയത്. കഴിഞ്ഞ 24 വർഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ലോക്സഭയിൽ ഒരു സീറ്റിൽ പോലും വിജയിക്കാനും ബിജെഡിക്ക് ആയില്ല. മുൻപ് പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. ഇത്തവണ ഒഡീഷയിൽ 21 ലോക്സഭാ സീറ്റിൽ 20 സീറ്റിലും ബിജെപിയാണ് ജയിച്ചത്.