മദ്യലഹരിയില്‍ അടിപിടി; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
9 March 2023

പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഇരുവരും പരസ്പരം അടിപിടി കൂടിയതിനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോസ്ഥന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലേയും പൊലീസ് സ്റ്റേഷനുകളിലേയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അതിനിടെയാണ് മദ്യലഹരിയില്‍ രണ്ട് പൊലീസുകാര്‍ തമ്മില്‍ തല്ലിയത്. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജി ഗിരിയും ജോണ്‍ ഫിലിപ്പും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.

എന്നാല്‍ അടിക്ക് സാക്ഷിയായി സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.