ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല; ഉദ്യോഗസ്ഥരില്‍ ചിലര്‍ മോശമായി പെരുമാറി; റെയ്ഡിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ബിബിസി

single-img
19 February 2023

മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഇൻകം ടാക്സ് വകുപ്പ് നടത്തിയ റെയ്ഡിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ബിബിസി. ചാനലിന്റെ ഹിന്ദി ഭാഷയിലുള്ള വെബ്സൈറ്റിലൂടെ പുറത്തുവിട്ട ലേഖനത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്.

തങ്ങളുടെ ജീവനക്കാരെ ഓഫീസിൽ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ മോശമായി പെരുമാറിയെന്നും ബിബിസി പറയുന്നു . ജീവനക്കാരായ മാധ്യമ പ്രവർത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ല.

പരിശോധനയിൽ സംപ്രേഷണ സമയം അവസാനിച്ചതിന് ശേഷം മാത്രമാണ് ഈ മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിബിസി പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകള്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി പരിശോധിച്ചു. അവരോട് ചെയ്യുന്ന ജോലിയുടെ രീതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ അനേഷിച്ചു.

ചില സമയങ്ങളിൽ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളില്‍ പോലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകടത്തല്‍ നടത്തി. റെയ്ഡിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ എഴുതുന്നതില്‍ നിന്ന് വിലക്കിയതായും ബിബിസി വ്യക്തമാക്കുന്നു.

അതേസമയം, 58 മണിക്കുര്‍ തുടര്‍ച്ചയായി നടന്ന പരിശോധനയില്‍ ബിബിസി ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്നും നടപടികള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു.