പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ പിന്തുണക്കാനാവില്ല: അസദുദ്ദീൻ ഒവൈസി

single-img
28 September 2022

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ പിന്തുണക്കാനാവില്ല എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ചില വ്യക്തികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് സംഘടനയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎഫ്‌ഐയുടെ സമീപനത്തെ ഞാൻ എല്ലായ്‌പ്പോഴും എതിർക്കുകയും, ജനാധിപത്യ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെങ്കിലും, പിഎഫ്‌ഐയുടെ ഈ നിരോധനത്തെ പിന്തുണയ്ക്കാൻ കഴിയില്ല,’ ചില വ്യക്തികളുടെ പ്രവർത്തനങ്ങളാൽ സംഘടനയെ തന്നെ നിരോധിക്കണമെന്ന് അർത്ഥമാക്കുന്നില്ല,’ഒവൈസി ട്വീറ്റ് ചെയ്തു.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവക്കും നിരോധനം ബാധകമാണ്.

ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു.