നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി ബാലചന്ദ്രമേനോൻ

single-img
28 September 2024

എറണാകുളം ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും അവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്.

അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. മുകേഷിനെതിരെ ഉൾപ്പെടെ പരാതി നൽകിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ബാലചന്ദ്രമേനോന്‍ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു. അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു.

എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്‍റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു.

അത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നു. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. 47 വര്‍ഷമായി താന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണിതെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യയും ഇതേ നടിയെ അപമാനിച്ചു എന്ന് പരാതി വന്നിട്ടുള്ളത്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. ഈ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയെന്നും ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നു.