കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ബാല; വീഡിയോ പങ്കുവെച്ച്‌ എലിസബത്ത്

single-img
24 April 2023

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബാല ആരോഗ്യം വീണ്ടെടുക്കുന്നു. നടന്‍ ബാല കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

നേരത്തെ ഒരു ഫോട്ടോ ബാല തന്നെ പങ്കുവെച്ചിരുന്നു. എന്തായാലും പുതിയ വീഡിയോയും പുറത്തുവന്നതോടെ ആരാധകര്‍ സന്തോഷത്തിലാണ്.നടന്‍ ബാലയ്‍ക്കൊപ്പം താനുമുള്ള വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നായിരുന്ന ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരുന്നത്. ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ട്. ബാലയുടെ പുതിയ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍.മാര്‍ച്ച്‌ ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നു.’അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്ക്രീനില്‍ എത്തുന്നത്. നടന്‍ ബാലയുടെ ആദ്യ മലയാള ചിത്രം ‘കളഭം’ ആണ്. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’യില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ‘പുതിയ മുഖം’, ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌’, ‘ഹീറോ’, ‘വീരം’ തുടങ്ങിവയാണ് ബാല പ്രധാന വേഷങ്ങളില്‍ എത്തിയവയില്‍ പ്രധാനപ്പെട്ടവ. നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങുകയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ബാലയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്.