കോട്ടയത്ത് ഹര്‍ത്താലിനിടെ ബേക്കറിക്കു നേരെ ആക്രമണം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
27 September 2022

പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹര്‍ത്താലിനിടെ കോട്ടയം കോട്ടമുറിയില്‍ ബേക്കറിക്കു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ നസറുള്ള, ഷമീര്‍ സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. CCTV ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇരുവരെയും പോലീസ് തിരിച്ചറിഞ്ഞത്.

ഇവരെ കൂടാതെ തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവര്‍ അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു രണ്ട് ആക്രമണവും.

അതെ സമയം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും രാജ്യവ്യാപക റെയ്ഡ് ഇന്നും തുടരുകയാണ്. കര്‍ണാടക, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര,ഡല്‍ഹി, അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.

എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 170 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ നിന്ന് മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.