വൈഭവിനായി മാറ്റം വേണ്ട; സഞ്ജു–അഭിഷേക് ഓപ്പണിങ് സഖ്യം തുടരണമെന്ന് ബദ്രീനാഥ്

single-img
21 September 2026

വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രീനാഥ്. സഞ്ജു സാംസൺ–അഭിഷേക് ശർമ ഓപ്പണിങ് സഖ്യത്തിന് തുടർച്ചയായി കുറഞ്ഞത് 10 മത്സരങ്ങളിലെങ്കിലും അവസരം നൽകണമെന്നും ബദ്രീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണെന്നും ബദ്രീനാഥ് ചൂണ്ടിക്കാട്ടി. ഒരു പരമ്പരയിൽ അവസരം നൽകിയ താരത്തെ അടുത്ത പരമ്പരയിൽ തന്നെ മാറ്റുന്ന രീതി സഞ്ജുവിനോട് കാണിക്കുന്നത് നീതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനം വരെയെങ്കിലും സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ നൽകണമെന്നും ബദ്രീനാഥ് ആവശ്യപ്പെട്ടു. ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനെ മറ്റൊരു യുവതാരത്തെ ടീമിലെത്തിക്കാനായി ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.