കേരള ഗവര്‍ണര്‍ ആരിഫ് ഖാന് തിരിച്ചടി;സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

single-img
24 March 2023

കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ കേരള ഗവര്‍ണര്‍ ആരിഫ് ഖാന് തിരിച്ചടി.

സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സെനറ്റംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്.

ചാന്‍സലറായ തനിക്കെതിരെ പ്രവര്‍ത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. പിന്നീട് അദ്ദേഹം വിസി നിയമനത്തിന് സേര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചാന്‍സലര്‍ക്ക് താത്പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവര്‍ണറുടെ വിവാദ നടപടി.