കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദം

single-img
27 February 2023

കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദം. സര്‍ക്കാര്‍ അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍.

നിയമനങ്ങളെ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്‍റ് ‍ഡയറക്ടര്‍ സാംസ്കാരിക വകുപ്പിന് കത്ത് നല്‍കി.

2014ലാണ് കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍, ബിരുദ ഡിപാര്‍ട്ട്മെന്‍റുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28ആയി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്‍റിലും വരേണ്ട ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം സര്‍‍ക്കാ‍ര്‍ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതല്‍ 2021 വരെ അംഗീകൃത തസ്തികകള്‍ക്ക് പുറത്ത് ഏഴ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം.

അനുവദിക്കപ്പെട്ട സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയിരുന്നു. എന്നാല്‍ ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.

കലാമണ്ഡലത്തിലെ ബിരുദ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിയമനം നടത്തുന്നത് വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ അടങ്ങുന്ന ഭരണ സമിതി നേരിട്ടാണ്. 2018ലെ പുതിയ ശമ്ബള പരിഷ്കരണ ഉത്തരവ് പ്രകാരം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഭേദഗതി വരുത്തരുതെന്ന നിര്‍ദേശവുമുണ്ട്. ഇതിന്‍റെ ലംഘനമാണ് കലാമണ്ഡലം നടത്തിയതെന്നാണ് ഓഡിറ്റ് റിപ്പോ‍ര്‍ട്ടിലെ കണ്ടെത്തല്‍. നിയമനത്തിന് പിന്നില്‍ ഭരണ നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദമുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഇനി പുറത്തുവരേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കണമെന്നും സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഓഡിറ്റ് വകുപ്പ് ജോ.ഡയറക്ടര്‍ വ്യക്തമാക്കുന്നു.