ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമല്ല: ജി.സുധാകരന്‍

single-img
13 November 2022

ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമല്ല എന്ന് സി പി എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾക്കു വിശദീകരണവുമായി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വിവാദ പ്രസ്താവന.

‘ഒരു ജീവി പിറന്ന് വീഴുമ്പോള്‍ ആ സമയത്തെ സോളാര്‍ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര്‍ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ പറ്റുമോ.. അവര്‍ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന്‍ പറ്റില്ല’ – ജി.സുധാകരന്‍ പറഞ്ഞു.

കൂടാതെ ശബരിമലയില്‍ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ട എന്നും ജി.സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും. ശബരിമലയില്‍ പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കല്‍പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല എന്ന് സുധാകരൻ പറഞ്ഞു.