താജ്മഹൽ പൊളിക്കണം; ഷാജഹാൻ മുംതാസിനെ സ്നേഹിച്ചിരുന്നോ എന്ന് അന്വേഷിക്കണം: മോദിയോട് ബിജെപി എംഎൽഎ രൂപജ്യോതി കുർമി

single-img
6 April 2023

താജ്മഹൽ പൊളിക്കണം എന്നും, ഷാജഹാൻ മുംതാസിനെ ശരിക്കും സ്നേഹിച്ചിരുന്നോ എന്ന് അന്വേഷിക്കണം എന്ന് അസം ബിജെപി എംഎൽഎ രൂപജ്യോതി കുർമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അസം ബിജെപി എംഎൽഎ രൂപജ്യോതി കുർമിയുടെ വിചിത്ര ആവശ്യം. മുംതാസിനെ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ മുഗൾ ഭരണാധികാരി മുംതാസിന് ശേഷം മൂന്ന് സ്ത്രീകളെ കൂടി വിവാഹം കഴിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

“1526-ൽ മുഗളന്മാർ ഇന്ത്യയിൽ വന്നു പിന്നീട് താജ് മഹൽ ഉണ്ടാക്കി. ഷാജഹാൻ താജ്മഹൽ പണിതത് ഹിന്ദു രാജാക്കന്മാരിൽ നിന്ന് വാങ്ങിയ പണം കൊണ്ടാണ്, അത് നമ്മുടെ പണമാണ്. തന്റെ നാലാമത്തെ ഭാര്യക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹൽ നിർമ്മിച്ചത്. അദ്ദേഹം ഏഴ് ഭാര്യമാരെ വിവാഹം കഴിച്ചു, മുംതാസ് നാലാമത്തെ ഭാര്യയായിരുന്നു. മുംതാസിനെ അയാൾ ഇത്രയധികം സ്നേഹിച്ചിരുന്നെങ്കിൽ പിന്നെ എന്തിനാണ് കൂടുതൽ ഭാര്യമാരെ വിവാഹം കഴിച്ചത്,” രൂപജ്യോതി കുർമി ചോദിച്ചു.

മാത്രമല്ല കുത്തബ് മിനാറും ചെങ്കോട്ടയും ഉൾപ്പടെയുള്ള സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും അസം എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

താജ്മഹലും കുത്തബ് മിനാറും ഉടനടി പൊളിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങൾ നിർമ്മിക്കണം. ആ രണ്ട് ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യ മറ്റ് സ്മാരകങ്ങൾക്ക് അടുത്ത് വരാത്ത തരത്തിലായിരിക്കണം രൂപജ്യോതി കുർമി പറഞ്ഞു. തന്റെ ഒന്നരവർഷത്തെ ശമ്പളമെങ്കിലും ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനായി നൽകാൻ തയ്യാറാണെന്നും കുർമി പ്രഖ്യാപിച്ചു.