ബഹുഭാര്യത്വം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യം; ബില്‍ പാസാക്കി അസം നിയമസഭ

ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ പാസാക്കി അസം നിയമസഭ. ഇതുസംബന്ധിച്ച അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025 അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ അവതരിപ്പിച്ചു. ബഹുഭാര്യത്വം പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്തെ ചില ഗോത്ര വിഭാഗങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കി.
ഒരു പങ്കാളിയുള്ള വിവരം അറിയിക്കാതെ മറ്റൊരു വിവാഹത്തിന് മുതിരുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. ഇത്തരം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് രണ്ട് വർഷം വരെയും ശിക്ഷ ലഭിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതിയ നിയമം മുസ്‌ലിങ്ങള്‍ക്ക് എതിരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യഥാർഥ മുസ്‌ലിം നിയമത്തെ സ്വാഗതം ചെയ്യുമെന്നും അവകാശപ്പെട്ടു. നേരത്തെ മുസ്‌ലീം സ്‌ത്രീകളുടെ ശാക്തീകരണത്തിൻ്റെ ഭാഗമായാണ് ബില്‍ കൊണ്ടുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് വിവാദമായിരുന്നു.
‘ഇന്ന് ഹിന്ദുക്കളും ബഹുഭാര്യത്വത്തിൽ നിന്ന് മുക്തരല്ല. ഇവരെയും പുറത്ത് കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഹിന്ദുവും മുസ്‌ലിമും ക്രിസ്‌ത്യനും തുടങ്ങി എല്ലാ സമൂഹങ്ങളിലെയും ആളുകൾ ബില്ലിൽ ഉൾപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഏകീകൃത സിവിൽ കോഡിനെപ്പറ്റി (യുസിസി) സംസാരിക്കുമ്പോൾ അടുത്ത വർഷം അസം തെരഞ്ഞെടുപ്പിന് ശേഷം താൻ മുഖ്യമന്ത്രിയായി തിരിച്ചെത്തിയാൽ അസമിൽ ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


