മേഘാലയ അതിര്‍ത്തിയിലെ വെടിവെയ്പ് പ്രകോപനം ഇല്ലാതെയെന്ന് സമ്മതിച്ച്‌ അസം

single-img
24 November 2022

ദില്ലി : മേഘാലയ അതിര്‍ത്തിയിലെ വെടിവെയ്പ് പ്രകോപനം ഇല്ലാതെയെന്ന് സമ്മതിച്ച്‌ അസം. കേന്ദ്രത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കാമെന്നും അസം അറിയിച്ചു. അസം – മേഘാലയ അതിര്‍ത്തിയിലെ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തെ കുറിച്ച്‌ സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജന്‍സിയോ നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയില്‍ നിന്നുള്ള അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. അനധികൃതമായി മരം മുറിച്ച്‌ കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് അസമിന്റെ വാദം. തടി മുറിച്ച്‌ കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഓഫീസ് വളഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹില്‍സ് മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയ സ്വദേശികള്‍. അസം വനംവകുപ്പിലെ ഹോം ഗാര്‍ഡാണ് കൊല്ലപ്പെട്ട മറ്റൊറരാള്‍. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മേഘലായ സ്വദേശികള്‍ ഖാസി സമുദായ അംഗങ്ങളാണ്.