ആസ്ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസിൽ കിരീടം സ്വന്തമാക്കി ബെലാറസ് താരം അര്യാന സബലേങ്ക

single-img
28 January 2023

ആസ്ട്രേലിയൻ ഓപ്പനിലെ വനിതാ സിംഗിൾസിൽ കിരീടം സ്വന്തമാക്കി ബെലാറസ് താരം അര്യാന സബലേങ്ക. ഇന്ന് നടന്ന ഫൈനലില്‍ കസഖിസ്താന്‍‌ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്കയുടെ കന്നി ഗ്രാന്‍ഡ്സ്ലാം. സ്‌കോര്‍: 4-6, 6-3, 6-4.

മത്സരത്തിലെ ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ പതറിയ ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്. കിരീട നേട്ടത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 2023 ൽ സബലെങ്ക നേടുന്ന തുടര്‍ച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്.

ഉക്രൈൻ- റഷ്യൻ സംഘർഷ പശ്ചാത്തലത്തില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പകരമായി അവരുടെ പേരിനൊപ്പം വെള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. ഈ രീതിയിൽ സ്വന്തം രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിച്ച് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.