അരിക്കൊമ്ബൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി

single-img
26 May 2023

കുമളി: അരിക്കൊമ്ബൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്.

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേയ്ക്ക് വെടിവച്ച്‌ ആനയെ കാട്ടിലേക്ക് തുരത്തി. നിരീക്ഷണവും ശക്തമാക്കി.

അതേസമയം, രാത്രിയില്‍ കണ്ടത് അരിക്കൊമ്ബനെ തന്നെ എന്ന് പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി പി പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനയെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. റേഡിയോ കോളര്‍ സിഗ്നല്‍ വഴിയാണ് ഇതറിഞ്ഞത്. റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ വനത്തിനുള്ളില്‍ ആണ് ഇപ്പോള്‍ അരിക്കൊമ്ബനുള്ളത്. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്ബൻ ജനവാസ മേഖലയില്‍ നിന്നും പോകാൻ തയ്യാറായത്.

അതേസമയം, അരിക്കൊമ്ബനെ മയക്കുവെടി വച്ച്‌ മാറ്റി പാര്‍പ്പിച്ചതിന് പിന്നാലെ അരിക്കൊമ്ബന്‍റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്ബന്‍. നേരത്തെ അരിക്കൊമ്ബനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്ബനുണ്ടായിരുന്നു. അരിക്കൊമ്ബനെ മയക്കു വെടിവച്ച്‌ പിടികൂടിയ ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും ചക്കക്കൊമ്ബനെ കണ്ടെത്തിയിരുന്നു.

301 കോളനി ഭാഗത്തു നിന്നുമെത്തിയപ്പോള്‍ വഴിയരികില്‍ ചക്കക്കൊമ്ബനെയാണ് ആദ്യം കണ്ടത്. കാട്ടാനക്കൂട്ടവും അടുത്തുണ്ടെന്ന് വഴിയാത്രക്കാരും പറയുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും ചക്കക്കൊമ്ബൻറെ അടുത്തേക്കെത്തി. എല്ലാവരും ചേര്‍ന്ന് ഇളംപുല്ലു പറിച്ചു തിന്നു കൊണ്ടിരുന്നു. ഇടക്ക് ശബ്ദം കേള്‍ക്കുമ്ബോള്‍ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവര്‍ക്ക് സംരക്ഷണം നല്‍കിയും ചക്കക്കൊമ്ബന്‍ അരിക്കൊമ്ബന്‍റെ തട്ടകത്തില്‍ സജീവമാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്ബന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്‍റെ വീട് അടിച്ച്‌ തകര്‍ത്തത്. ചക്ക സീസണില്‍ പ്ലാവുകളില്‍ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.