ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
17 December 2023

കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്നു പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍എസ്എസ് തെരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രം. മുസ്ലീം പള്ളി ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ ശ്രമിച്ചപ്പോള്‍ യു കെ കുഞ്ഞിരാമനെന്ന സഖാവാണ് പള്ളിക്ക് കാവല്‍ നിന്നത്.

എന്നാൽ മാപ്പിളയുടെ സന്തതിയെന്നു പറഞ്ഞ് കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ വകവരുത്തി. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽനിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേതെന്നും അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു.

ചരിത്രത്തെ വക്രീകരിച്ചും തമസ്കരിച്ചും ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ കേരളത്തില്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും അദ്ദേഹം ജനിച്ചു വളര്‍ന്ന കണ്ണൂരിനെയും ആക്രമിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറപ്പെട്ടിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. അതേപോലെതന്നെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിർത്തി മുന്നോട്ടുപോകാനാണ് കേരളസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതാവട്ടെ വര്‍ഗീയ പാര്‍ട്ടിയായ ബിജെപിക്ക് ഇഷ്ടപ്പെടില്ല. അതിനാലാണ് കേരളത്തോട് സാമ്പത്തിക ഉപരോധ സമാനമായ നിലപാട് സ്വീകരിക്കുന്നുത്.

കേരളത്തിന് ലഭിക്കേണ്ട ന്യായമായ തുകയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. അത് ആരുടെയും തറവാട്ട് സ്വത്തിൽ നിന്ന് എടുത്തുതരുന്നതല്ല. ജനങ്ങൾക്കു ലഭിക്കേണ്ട ന്യായമായ തുകയാണ്. അതേ കേരളം ചോദിച്ചിട്ടുള്ളു. അതേപ്പറ്റി പറയുമ്പോള്‍ വ്യക്തിയധിക്ഷേപം നടത്തിയല്ല മറുപടി പറയേണ്ടത്. ‘നമോപൂജ്യ നിവാരണ പദ്ധതി’യിലൂടെ കേന്ദ്രമന്ത്രിയായ മുരളീധരനാണ് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സംസാരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.