മാനുഷിക സഹായം എത്തിക്കൽ; താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്‌ഗാനിൽ

single-img
2 June 2022

അഫ്‌ഗാനിലെ ഭരണം നടത്തുന്ന താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്ഗാനിസ്താനിലെത്തി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനു പിന്നാലെ താലിബാൻ ഭരണം പിടിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യ അവിടേക്ക് ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നത്.

സാമ്പത്തിക തകർച്ചയെ തുടർന്ന് അവശ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുന്ന അഫ്ഗാനിസ്താന് മാനുഷിക സഹായം എത്തിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രതിസന്ധി സംഘത്തെ അയച്ചതെന്നാണ് കേന്ദ്ര സർക്കാർവൃത്തങ്ങൾ നൽകുന്ന വിവരം.

2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ കാര്യാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും നാട്ടിലേക്കു മടങ്ങിയിരുന്നു. അഫ്‌ഗാനിലെ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഈ ചരിത്ര തുടർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സംഘം താലിബാന്റെ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങൾ പ്രതിനിധി സംഘം സന്ദർശിക്കും.