ബിസിസിഐ അംഗീകരിച്ചു; വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് കാണികളെത്തും

single-img
1 March 2022

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി കളിക്കുന്ന നൂറാം ടെസ്റ്റിന് വേദിയിൽ കാണികളെത്തും. മൊഹലിയില്‍ ഈ മാസം നാലിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

മൊഹാലിയിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ ഇത് അംഗീകരിക്കുകയായിരുന്നു. അതേസമയം, ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ രാജ്യത്തെ ഇപ്പോഴുള്ള കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെടുത്തത്.

വിഷയം താൻ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും വിരാട് കോലിയുടെ 100ാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.