ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയല്‍ ; നമ്മുടെ ജനതയ്ക്ക് അനുയോജ്യമല്ല: ചീഫ് ജസ്റ്റിസ് രമണ

single-img
18 September 2021

ഇന്ത്യ പിന്തുടരുന്ന നിയമവ്യവസ്ഥ കൊളോണിയല്‍ ആണെന്നും അത് ഇന്ത്യന്‍ ജനതയ്ക്ക് അനുയോജ്യമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.രാജ്യത്തെ നീതി നിര്‍വഹണ വ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് എം എം ശാന്തനഗൗഡറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലുള്ള ആളുകള്‍ പുറന്തള്ളപ്പെടുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല. അവസാനം അവര്‍ക്ക് ഒരുപാട് പണം ചെലവാക്കേണ്ടിവരുന്നുവെന്നും രമണ പറഞ്ഞു.

രാജ്യത്തെ കോടതികള്‍ വ്യവഹാര സൗഹൃദമായിരിക്കണമെന്നും സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായിരിക്കണമെന്നും സാധാരണക്കാരന് ആശ്വാസം നല്‍കണമെന്നും രമണ പറഞ്ഞു.