കോപ്പയില്‍ ഇനി ബ്രസീൽ -അര്ജന്റീന സ്വപ്ന ഫൈനലിന്ഒറ്റ ദിവസം മാത്രം

single-img
9 July 2021

ലോകമാകെയുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനലിന് ഈ ഒറ്റ ദിവസം മാത്രം .അർജന്റീനയും ബ്രസീലും ഫൈനലിൽ ജൂലൈ പത്തിന് വൈകിട്ട് ഏറ്റുമുട്ടും. ഇത് ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5:30നായിരിക്കും കാണാന്‍ കഴിയുക.

പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഈ പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.നേരത്തെ 2007ൽ നടന്ന കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ശേഷം ഇപ്പോഴാണ് മറ്റൊരു ഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും നേർക്കുനേർ വരുന്നത്.

ചാമ്പ്യന്‍ പട്ടം നിലനിർത്താൻ നെയ്മറുടെ കീഴില്‍ ബ്രസീൽ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് ലിയോണൽ മെസി നയിക്കുന്ന അർജൻറീനയുടെ ലക്ഷ്യം.ടൂര്‍ണമെന്റില്‍ ആദ്യ കാലങ്ങളിൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നെങ്കിലും തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

ചരിത്രത്തില്‍ ആകെയുള്ള കോപ്പ വിജയങ്ങളുടെ കണക്കെടുത്താലും അർജൻറീനയാണ് മുന്നിൽ. 14 തവണ അർജൻറീന കിരീടം നേടിയപ്പോൾ ബ്രസീലിന് ആ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത് ഒൻപത് തവണയാണ്.