കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ കുത്തക പിടിച്ചെടുക്കാൻ അനസ് മണാറ ഇടതുമുന്നണി പൊതുസ്വതന്ത്രനായേക്കും

single-img
19 February 2021

മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായതിനേത്തുടർന്ന് ശ്രദ്ധനേടിയ കളമശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമവുമായി ഇടതുമുന്നണി. കളമശേരി മണ്ഡലം രൂപീകരിക്കപ്പെട്ട നാൾ മുതൽ വികെ ഇബ്രാഹിംകുഞ്ഞാണ് പ്രതിനിധീകരിക്കുന്നത്.  എന്നാൽ ഇക്കുറി പ്രമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെയുൾപ്പെടെ ഇടതുമുന്നണി  പരിഗണിക്കുന്നതായാണ് സൂചന. എന്നാൽ സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ നിർണായക തിരുമാനത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് സൂചന.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പ്രതിയായതോടെ മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടമല്ല വേണ്ടതെന്നാണ് ഒരു വിഭാഗത്തിൻറെ അഭിപ്രായം. ഈ അഭിപ്രായം അംഗീകരിക്കപ്പെട്ടാൽ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ ആകും ഇടതുപക്ഷം രംഗത്തിറക്കുക.

അങ്ങനെയെങ്കിൽ നറുക്ക് വീഴുക കോതമംഗലം സ്വദേശിയും കേരള ഹജ്ജ് കമ്മറ്റി അംഗവുമായ എംഎസ് അനസിനാകും. മണാറ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അനസ് ഇടതുപക്ഷ സഹയാത്രികനാണ്. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മാധ്യമങ്ങളിൽ ചർച്ചയായ പേരാണ് അനസിന്റേത്. മന്ത്രി ജലീൽ അനസിന്റെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ സ്വകാര്യ കാറിൽ രഹസ്യമായി ചോദ്യം ചെയ്യലിന് എത്തിയതാണ് വിവാദമായത്.

2011 മുതൽ വി.കെ ഇബ്രാഹിംകുഞ്ഞാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാൻ സന്നദ്ധനാണെന്ന് മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് മുസ്ലിം ലീഗിലേയും കോൺഗ്രസിലെയും വലിയൊരു വിഭാഗം എതിരാണ്. പാലാരിവട്ടം കേസ് സജീവമായി ചർച്ചയാക്കാൻ ഇടതുപക്ഷത്തിന് ഇതിലൂടെ കഴിയുമെന്നാണ് ഇവരുടെ വാദം. ഇബ്രാഹിംകുഞ്ഞിന്റെ അനാരോഗ്യവും കാരണമായി പറയപ്പെടുന്നു. തനിക്ക് പകരം മകനെ സ്ഥാനാർത്ഥിയാക്കാൻ ഇബ്രാഹിംകുഞ്ഞ് ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. മുസ്ലിം ലീഗിൽ നിന്നും മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഇതിനിടെ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണി റഹീമിനെ മത്സരിപ്പിച്ചാൽ മണ്ഡലം നഷ്ടമാകുമെന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും കത്തയച്ചിരുന്നു.