ആർഎസ്എസ് ജർമ്മനിയിലെ നാസികളെപ്പോലെ; രാമക്ഷേത്രത്തിന് സംഭാവന കൊടുത്തവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു: കുമാരസ്വാമി

single-img
16 February 2021
ram temple rss kumaraswamy nazi hitler

ആർഎസ്എസ് (RSS) അയോദ്ധ്യയിലെ രാമക്ഷേത്ര(Ram Temple)ത്തിന് സംഭാവന നൽകിയവരുടെ വീടുകൾ അടയാളപ്പെടുത്തുന്നുവെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച് ഡി കുമാരസ്വാമി(H D Kumaraswamy). ഇത് ജർമ്മനിയിൽ നാസികൾ ചെയ്തിരുന്നതിന് സമാനമായ പ്രവൃത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലെ ട്വീറ്റുകളിലൂടെയാണ് ആരോപണം.

“രാമക്ഷേത്രത്തിന് പണം പിരിക്കുന്നവർ സംഭാവന നൽകുന്നവരുടെയും നൽകാത്തവരുടെയും വീടുകൾ അടയാളപ്പെടുത്തിവെയ്ക്കുകയാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെടാനിടയായ ഹിറ്റ്ലറുടെ ഭരണകാലത്ത് നാസികൾ ചെയ്തിരുന്നതിന് സമാനമാണിത്.” കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ നാസി പാർട്ടി ഉണ്ടായ അതേസമയത്ത് തന്നെയാണ് (ഇന്ത്യയിൽ) ആർഎസ്എസും ഉണ്ടായതെന്ന് ചരിത്രകാരന്മാർ പറയുന്നു. നാസികളുടെ അതേ നയങ്ങൾ നടപ്പാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ ആശങ്കയുണ്ട്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

“ആർക്കും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വരും ദിവസങ്ങളിൽ മാധ്യമങ്ങൾ സർക്കാരിൻ്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചുതന്നെ മുന്നീട്ടുപോകുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അത്തരമൊരു സാഹചര്യത്തിൽ സാധാരണ മനുഷ്യൻ്റെ വിധി എന്താകുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല.” കുമാരസ്വാമി ട്വീറ്റ് ചെയ്തു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

അതേസമയം, ആർഎസ്എസ് കുമാരസ്വാമിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നവയല്ലെന്നാണ് ആർഎസ്എസിൻ്റെ നിലപാട്.

‘RSS marking houses during Ram Temple donation drive in manner similar to Nazis’: HD Kumaraswamy