ബില്ലടയ്ക്കാന്‍ പണമില്ല; വയോധികനെ ആശുപത്രി അധികൃതര്‍ കിടക്കയില്‍ കെട്ടിയിട്ടു

single-img
7 June 2020

ചികിത്സ നടത്താൻ ആശുപത്രിയിൽ അടയ്ക്കാനുള്ള ബില്‍ തുക നൽകാൻ പണം ഇല്ലാതെ വന്നതിനെ തുടർന്ന് മധ്യപ്രദേശിൽ 80 വയസുള്ള വയോധികനെ കിടക്കയില്‍ കെട്ടിയിട്ടതായി പരാതി.

സംസ്ഥാനത്തെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടത്. ഇയാൾ ആശുപത്രിയില്‍ പ്രവേശിക്കുന്ന സമയം 5,000 രൂപ അടച്ചിരുന്നതായും ചികിത്സ നീണ്ടതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നുമാണ് മകള്‍ പറയുന്നത്.

വൃദ്ധന് അപസ്മാര രോഗം ഉണ്ടായിരുന്നതായും അദ്ദേഹത്തിന് സ്വയം പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അതെ സമയം തന്നെ തങ്ങൾ മാനുഷിക പരിഗണനവെച്ച് രോഗിയുടെ ബില്‍ ഒഴിവാക്കിയെന്നും ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. എന്തായാലും നടപടി വിവാദമായതോടെ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും അറിയിച്ചു.