പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്രസേനയെ ഇറക്കണം: ഗവര്‍ണര്‍

single-img
15 April 2020

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാളില്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പാരാമിലിറ്ററി വിഭാഗത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. ‘കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്.

ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിലും, മതപരിപാടികള്‍ തടയുന്നതിലും പോലീസും ഭരണകൂടവും നൂറ് ശതമാനവും പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്‌ഡൌണ്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. ഏറ്റവും ഫലപ്രദമായി അത് നടപ്പിലാക്കാന്‍ പാരാമിലിറ്ററി വിഭാഗത്തെ നിയോഗിക്കണം.’- മമതാബാനര്‍ജിയെ ടാഗ് ചെയ്ത് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതിന് പിറകെയാണ് ഗവര്‍ണറുടെ ട്വീറ്റ്. എന്നാല്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഭരണകക്ഷിയായ തൃണമൂര്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബിജെപി പ്രവര്‍ത്തകനെ പോലെ പെരുമാറുന്ന ഒരു വ്യക്തിയോട് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ സമയമില്ലെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

‘സംസ്ഥാന സര്‍ക്കാരിനെ ശല്യപ്പെടുത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റുജോലികളൊന്നുമില്ല. ഇപ്പോള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വ്യാപൃതരാണ്. ബിജെപി പ്രവര്‍ത്തകനെ പോലെ പെരുമാറുന്ന ഒരു വ്യക്തിയോട് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ സമയമില്ല.’- തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സ്നേഹാഷിഷ് ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.