ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് മോദി; ‘തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ല’

single-img
17 May 2019

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രജ്ഞയുടെ വാക്കുകള്‍ അതിദാരുണമെന്ന് മോദി പറഞ്ഞു. ഗാന്ധിയെ അപമാനിച്ച പ്രജ്ഞക്ക് തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടി നേതാക്കളുടെ ഗോഡ്‌സെ അനുകൂലപരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗോഡ്‌സെയെ അനുകൂലിച്ചുള്ള നേതാക്കാന്‍മാരുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. പ്രസ്താവനകള്‍ പിന്‍വലിച്ച് നേതാക്കന്‍മാര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. പ്രസ്താവനകള്‍ ബി.ജെ.പി അച്ചടക്കസമിതി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രജ്ഞ സിങ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഗ്‌ഡേ, നളീന്‍ കുമാര്‍ കട്ടില്‍ എന്നിവരുടെ പ്രസ്താവനകളാണ് പരിശോധിക്കുകയെന്നും അമിത് ഷാ അറിയിച്ചു.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞസിങ് ഠാക്കൂറിന്റെ പ്രസ്താവന. പ്രജ്ഞ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന് അനന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായി ഗോഡ്‌സെയേക്കാള്‍ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു ബി.ജെ.പി എം.പി നളീന്‍കുമാറിന്റെ പ്രസ്താവന. രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.