താമര വിരിയില്ല ?; തിരുവനന്തപുരത്തെ വിജയ പ്രതീക്ഷ കൈവിട്ട് ബിജെപി

single-img
17 May 2019

തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് നേതൃയോഗം വിലയിരുത്തി.

അതേസമയം, പമ്പയില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച കുമ്മനം രാജശേഖരനും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

ബിജെപിക്ക് തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ വാക്കുകള്‍ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.