അനൗണ്‍സ്‌മെന്റ് വിവാദം; ഫാത്തിമ തെഹ്‌ലിയക്കെതിരായ വിവാദം തള്ളി ടി.പി. രാമകൃഷ്ണൻ

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ എൽഡിഎഫ് വാഹനത്തിൽ നിന്ന് അപകീർത്തികരമായ അനൗൺസ്‌മെന്റ് നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും കൺവീനറുമായ ടി.പി. രാമകൃഷ്ണൻ.എൽഡിഎഫിന് മുന്നിൽ അത്തരമൊരു വിവാദമില്ലെന്നും താൽക്കാലിക ലാഭത്തിന് വേണ്ടി സൗഹൃദ അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിച്ച ടി.പി. രാമകൃഷ്ണൻ, എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനത്തിലെ റെക്കോർഡിംഗുകൾ നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി. “കുറേ ദിവസമായി പ്രചാരണം നടത്തുന്നതല്ലേ, വേണമെങ്കിൽ പെൻഡ്രൈവ് നൽകാം. അങ്ങനെയൊരു അനൗൺസ്‌മെന്റ് ഞങ്ങൾ നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
പരാതി ഉണ്ടെങ്കിൽ അതിൽ അന്വേഷണം നടക്കട്ടെ എന്നും തനിക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണെന്നും കഴിഞ്ഞ കാലങ്ങളിലൊന്നും യുഡിഎഫുമായോ എൽഡിഎഫുമായോ ഇത്തരം വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവാദം ഉയർത്തിയവർ തന്നെ അത് പരിശോധിക്കണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ പേരാമ്പ്രയിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഈ വാക്പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.


