അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

single-img
24 April 2023

പാലക്കാട്: അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു.

തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രംഗന്‍ (65) ആണ് മരിച്ചത്. കശുവണ്ടി പെറുക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഇന്നലെ വൈകീട്ടാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള കശുമാങ്ങ തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇക്കൊല്ലം അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.